തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്; ‘ഒരു വീട്ടിൽ ഒരു തെങ്ങിൻ തൈ’ പദ്ധതി; ഒരുങ്ങുന്നത് 8000 തെങ്ങിൻതൈകൾ, സൗജന്യമായി നട്ട് നൽകും
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ‘ഒരു വീട്ടിൽ ഒരു തെങ്ങിൻ തൈ’ പദ്ധതിക്കായി ഒരുങ്ങുന്നത് 8000 തെങ്ങിൻതൈകൾ. പദ്ധതിവഴി പഞ്ചായത്തിലെ ഓരോ വീട്ടിലും ഓരോ തെങ്ങിൻ തൈ വീതം തൊഴിലുറപ്പ് തൊഴിലാളികൾ മുഖേന സൗജന്യമായി നട്ട് നൽകും.
ഇതിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൂന്ന് നഴ്സറികളിലായി എണ്ണായിരം വിത്ത് തേങ്ങകളാണ് മുളപ്പിച്ചെടുത്തത്. മൂന്നുവർഷം കൊണ്ട് വിളവെടുക്കാനാവുന്ന അത്യുൽപാദന ശേഷിയുള്ള തെങ്ങിൻ തൈകളാണ് ഇവ.
ഇതിൽ ആറായിരത്തോളം തെങ്ങിൻ തൈകൾ വിതരണത്തിന് പാകമായി കഴിഞ്ഞു. ഓരോ വാർഡിലും 250 തെങ്ങിൻ തൈകൾ വീതം വിതരണം ചെയ്യാനാണ് പഞ്ചായത്തിന്റെ തീരുമാനം. പദ്ധതിക്കായി പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിക്ക് 2568 തൊഴിൽ ദിനങ്ങളാണ് ഇതുവരെ നൽകിയത്.47 രൂപ നിരക്കിലാണ് പദ്ധതിക്കായി കുറ്റ്യാടിയിൽ നിന്നും വിത്ത് തേങ്ങകൾ ഇറക്കുമതി ചെയ്തത്. 11.86 ലക്ഷം രൂപ പദ്ധതിക്കായി ചെലവിട്ടു. തൊഴിലുറപ്പ് തൊഴിലാളികൾ തന്നെ വീടുകളിലെത്തി തെങ്ങിൻ തൈകൾ നട്ട് കൊടുക്കുക വഴി പദ്ധതിയിലൂടെ അയ്യായിരത്തിലധികം തൊഴിൽ ദിനങ്ങൾ പഞ്ചായത്ത് ലഭ്യമാക്കുന്നുണ്ട്.
പദ്ധതി പൂർത്തിയാക്കുന്നതോടെ നാളികേര ഉത്പാദനത്തിന്റെ കാര്യത്തിൽ പഞ്ചായത്തിന് സ്വയം പര്യാപ്തത കൈവരിക്കാൻ സാധിക്കുമെന്നും അതിലൂടെ മികച്ച ഒരു വരുമാനം കർഷകർക്ക് ലഭ്യമാകാൻ കഴിയുമെന്നും തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.