ലൈസന്‍സ്/രജിസ്ട്രേഷന്‍ ഇല്ലെങ്കില്‍ അഞ്ച് ലക്ഷം രൂപ പിഴയും

 ഭക്ഷ്യസുരക്ഷ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചു.സ്‌ക്വാഡുകള്‍ സെപ്റ്റംബര്‍ 26 മുതല്‍ 30 വരെ  ജില്ലയിലെ വിവിധ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തും. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപന ഉടമകള്‍ക്ക്് അഞ്ച് ലക്ഷം രൂപ പിഴയും ആറ് മാസം തടവും ലഭിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസി. കമ്മിഷണര്‍ വി.കെ. പ്രദീപ് കുമാര്‍ അറിയിച്ചു. ഉത്പാദന യൂണിറ്റുകള്‍, ഹോട്ടലുകള്‍, പലചരക്ക് കടകള്‍, ബേക്കറികള്‍, പച്ചക്കറി കടകള്‍, മത്സ്യ വില്‍പനശാലകള്‍, തട്ടുകടകള്‍, ഇറച്ചി കോഴിക്കടകള്‍, വെള്ളം വില്‍പന നടത്തുന്ന ടാങ്കര്‍ ലോറികള്‍ തുടങ്ങി ഭക്ഷ്യ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതും ഭക്ഷണസാധനങ്ങള്‍ ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും വില്‍പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ ഭക്ഷ്യസുരക്ഷ ലൈസന്‍സ് /രജിസ്ട്രേഷന്‍ നിര്‍ബന്ധമായും എടുത്തിരിക്കണം.

 12 ലക്ഷം രൂപ വരെ വാര്‍ഷിക വിറ്റുവരവുള്ളവര്‍ക്ക് രജിസ്‌ട്രേഷനും 12 ലക്ഷത്തില്‍ കൂടുതല്‍ വാര്‍ഷിക വിറ്റുവരവ് ഉള്ളവര്‍ക്ക്് ലൈസന്‍സിംഗുമാണുളളത്. ഉത്പാദന യൂണിറ്റ് ആണെങ്കില്‍ 3000 രൂപയും വില്‍പ്പന മാത്രമാണെങ്കില്‍ 2000 രൂപയും ഫീസ് അടച്ചാണ് ലൈസന്‍സ് എടുക്കേണ്ടത്. രജിസ്ട്രേഷന്‍ ഫീസ്100 രൂപയാണ്
അക്ഷയകേന്ദ്രങ്ങള്‍, ജനസേവന കേന്ദ്രങ്ങള്‍ മുഖേനയാണ് ലൈസന്‍സ്/രജിസ്‌ട്രേഷന്‍ ചെയ്യാവുന്നതാണ്. തിരിച്ചറിയല്‍ കാര്‍ഡ്, ഫോട്ടോ (രജിസ്ട്രേഷന് മാത്രം), മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, വെള്ളം പരിശോധിച്ച റിപ്പോര്‍ട്ട്, തദ്ദേശസ്ഥാപനങ്ങളുടെ ട്രേഡ് ലൈസന്‍സ് എന്നിവയാണ് ആവശ്യമുളള രേഖകള്‍.
 

അഭിപ്രായങ്ങള്‍