ഹാൻഡ്-ഫൂട്ട്-മൗത്ത് ഡിസീസ് അഥവാ തക്കാളിപനി എന്തൊക്കെ ശ്രദ്ധിക്കണം -Tomato Fever aka hand foot disease
എന്താണ് ഹാൻഡ്-ഫൂട്ട്-മൗത്ത് ഡിസീസ്?
കുട്ടികളുടെ കൈവെള്ളയിലും, പാദത്തിലും, വായിലും ചുണ്ടിലുമെല്ലാം കണ്ടുവരുന്ന ഒരിനം വൈറസ് രോഗമാണ് ഹാൻഡ്-ഫൂട്ട്-മൗത്ത് ഡിസീസ്. ഈ രോഗം തക്കാളിപ്പനി എന്ന പേരിലും അറിയപ്പെടാറുണ്ട്.
രോഗ ലക്ഷണങ്ങൾ
പനി, ക്ഷീണം, സന്ധിവേദന, കൈവെള്ളയിലും കാൽവെള്ളയിലും വായ്ക്കകത്തും പൃഷ്ഠഭാഗത്തും കൈകാൽമുട്ടുകളുടെ ഭാഗത്തും ചുവന്ന കുരുക്കളും തടിപ്പുകളും എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം എന്നിവയും ഉണ്ടാകാം. ശക്തമായ തുടർച്ചയായ പനി, കഠിനമായ ക്ഷീണം, അസ്വസ്ഥത, കൈകാലുകളിലെ രക്തചംക്രമണത്തിനു തടസം എന്നീ ലക്ഷണങ്ങൾ കാണിച്ചാൽ ഉടൻ ഡോക്ടറുടെ സേവനം ലഭ്യമാക്കുക.
രോഗപ്പകർച്ച
രോഗബാധിതരിൽ നിന്നു നേരിട്ടാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. രോഗം ബാധിച്ച കുഞ്ഞുങ്ങളിൽ നിന്ന് മൂക്കിലേയും തൊണ്ടയിലെയും സ്രവം വഴിയോ, ഉമിനീർ, തൊലിപ്പുറമെയുള്ള കുമിളകളിൽ നിന്നുള്ള സ്രവം, രോഗിയുടെ മലം തുടങ്ങിയവ വഴിയുള്ള സമ്പർക്കം വഴിയോ മറ്റൊരാളിലേക്ക് പകരുന്നു. രോഗികളായ കുഞ്ഞുങ്ങൾ തൊട്ട കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും മറ്റും തൊടുന്നത് വഴി പോലും രോഗം പകരാം.
ചികിത്സ
സാധാരണഗതിയിൽ ഒരാഴ്ച മുതൽ പത്ത് ദിവസം കൊണ്ട് രോഗം പൂർണമായും മാറും. രോഗം വന്ന് കഴിഞ്ഞാൽ ലക്ഷണങ്ങൾക്കനുസരിച്ചാണ് ചികിത്സിക്കുന്നത്. കുഞ്ഞിന്റെ അസ്വസ്ഥത കുറയ്ക്കുന്നതിനും രോഗലക്ഷണങ്ങൾ നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കും.
പരിചരണം
രോഗം വന്ന കുഞ്ഞുങ്ങളുടെ ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. കുളിപ്പിക്കുമ്പോൾ തേച്ചുരച്ച് കുമിള പൊട്ടിക്കരുത്. വായ്ക്കകത്തെ ബുദ്ധിമുട്ട് കുറയ്ക്കാൻ വൃത്തിയുള്ള തണുപ്പുള്ള ഭക്ഷണമെന്തെങ്കിലും കൊടുക്കാം. നിർജലീകരണം ഉണ്ടാകാതിരിക്കാൻ ധാരാളം വെള്ളം കുടിക്കണം. ദേഹത്തു വരുന്ന കുരുക്കൾ ചൊറിഞ്ഞുപൊട്ടാതിരിക്കാൻ ശ്രദ്ധിക്കണം. വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ മറ്റു കുട്ടികൾ ഉപയോഗിക്കാൻ അനുവദിക്കരുത്.
പ്രതിരോധം
മലമൂത്ര വിസർജനത്തിനു ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുമ്പും കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകാൻ കുട്ടികളെ പഠിപ്പിക്കണം. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ, വൈറസ് പടരാതിരിക്കാൻ മൂക്കും വായും മൂടുകയും ഉടൻ കൈ കഴുകഴുകയും വേണം. കുഞ്ഞിനെ ശുശ്രൂഷിക്കുന്നവർ തൊടുന്നതിന് മുൻപും ശേഷവും കൈ സോപ്പിട്ട് കഴുകുക. ഇത് മറ്റുള്ളവരിലേക്ക് രോഗം പടരുന്നത് തടയും. രോഗബാധിതരായ കുട്ടികളെ അങ്കണവാടികളിലും സ്‌കൂളുകളിലും വിടരുത്. വീട്ടിലെ മറ്റ് കുട്ടികളുമായുള്ള ഇടപെടൽ ഈ കാലയളവിൽ ഒഴിവാക്കുക.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.