കാടിനു നടുവിലൂടെ കുത്തിയൊലിച്ച് നുര പതയുന്ന വെള്ളച്ചാട്ടം, ഹരിതീർഥക്കര വെള്ളച്ചാട്ടം

തിങ്ങിനിറഞ്ഞ കാടിനു നടുവിലൂടെ കുത്തിയൊലിച്ച് നുര പതയുന്ന വെള്ളച്ചാട്ടം. കണ്ണൂരിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഹൃദ്യമായ മഴക്കാല വിരുന്നൊരുക്കുകയാണ് പയ്യന്നൂർ ചൂരലിലെ ഹരിതീർഥക്കര വെള്ളച്ചാട്ടം. കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തിലെ ഈ വെള്ളച്ചാട്ടത്തിന് അരിയിൽ വെള്ളച്ചാട്ടമെന്നും പേരുണ്ട്. വെള്ളരിക്കാം തോട്, വെളിച്ചം തോട് എന്നിവിടങ്ങളിൽ നിന്നും ഉത്ഭവിച്ച് പെരുമ്പ പുഴയിലാണ് ഇത് ചെന്നു ചേരുന്നത.് പയ്യന്നൂരിൽ നിന്നും പന്ത്രണ്ട് കിലോമീറ്റർ അകലെയാണ് ഹരിതീർഥക്കര വെള്ളച്ചാട്ടം. മഴക്കാലത്ത് മാത്രമേ ഇവിടെ വെള്ളമുണ്ടാകൂ. താരതമ്യേന അപകട സാധ്യത കുറവാണെന്ന പ്രത്യേകതയുമുണ്ട്. അവധി ദിനങ്ങൾ ചെലവിടാൻ നിരവധി പേരാണ് കുടുംബസമേതം ഇവിടെയെത്തുന്നത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ഥലമേറ്റെടുത്ത് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് വിവിധ പ്രവൃത്തികൾ നടത്തി. പരിസരങ്ങൾ ശുചീകരിച്ച് അരികുകൾ കെട്ടി വൃത്തിയാക്കി. പ്രദേശത്ത് കോൺക്രീറ്റ് റോഡ്, പാലം, തടയണകൾ എന്നിവ നിർമിക്കുന്നതിനുള്ള പ്രവൃത്തി ആരംഭിച്ചു. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറ്റുന്നതിനായി എംഎൽഎ മുഖേന ഒരു കോടി രൂപയോളം വരുന്ന പ്രവൃത്തികളാണ് നടപ്പാക്കുകയെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എം വി സുനിൽകുമാർ പറഞ്ഞു.

അഭിപ്രായങ്ങള്‍