നൈപുണ്യ വികസനത്തിനു വായ്പ; സ്‌കിൽ ലോണുമായി അസാപും കനറാ ബാങ്കും
അക്കാദമിക വിദ്യാഭ്യാസത്തിനൊപ്പം നൈപുണ്യ പരിശീലനത്തിനും പ്രാധാന്യം നൽകുന്നതിനായി അസാപ് കേരളയും കനറാ ബാങ്കും ചേർന്ന് സ്‌കിൽ ലോൺ പദ്ധതി നടപ്പാക്കുന്നു. വിദ്യാർഥികൾക്കും പഠനം പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കും തങ്ങളുടെ ഇഷ്ട തൊഴിൽ മേഖലയിൽ അധിക നൈപുണ്യം നേടുന്നതിന് ജാമ്യമോ ഈടോ ഇല്ലാതെ 5000 മുതൽ 1.5 ലക്ഷം രൂപ വരെ പദ്ധതി പ്രകാരം വായ്പ ലഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോഴ്‌സ് കാലയളവിലും തുടർന്നുള്ള ആറുമാസവും മൊറട്ടോറിയവും മൂന്നു വർഷം മുതൽ ഏഴ് വർഷം വരെ തിരിച്ചടവ് കാലാവധിയും ലഭിക്കത്തക്കവിധമാണ് സ്‌കിൽ ലോണുകൾ നൽകുക. സാമ്പത്തിക പ്രയാസങ്ങൾ മൂലം നൈപുണ്യ പരിശീലനം നേടാൻ സാധിക്കാത്ത വിദ്യാർത്ഥികളെ സഹായിക്കുകയാണു പദ്ധതിയുടെ ലക്ഷ്യം.
സ്‌കിൽ കോഴ്‌സുകളിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് തൊട്ടടുത്ത കനറാ ബാങ്കിൽ നേരിട്ടോ, വിദ്യാലക്ഷ്മി പോർട്ടൽ വഴിയോ ലോണിനായി അപേക്ഷിക്കാം. അസാപ് കോഴ്‌സുകൾക്ക് പുറമെ എൻ.എസ്.ക്യു.എഫ് / എൻ.എസ്.ഡി.സി. അംഗീകൃത കോഴ്‌സുകൾ ചെയ്യുന്ന കേന്ദ്ര സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും ഇതിന്റെ ഗുണം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി ജനറൽ മാനേജർ എസ്. പ്രേം കുമാർ, അസാപ് കേരള ബിസിനസ് ഹെഡ് ടി.വി. വിനോദ്, അഡ്മിനിസ്ട്രേഷൻ ഹെഡ് കമാൻഡർ വിനോദ് ശങ്കർ, ഫിനാൻസ് ഹെഡ് അൻവർ ഹുസൈൻ, പ്രോഗ്രാം മാനേജർമാരായ റിജിൻ ആലക്കാടൻ, റൂബി ഇസ്മായിൽ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.