മെഗാ തൊഴിൽ മേള ; സൗജന്യമായി രജിസ്റ്റർ ചെയ്യുന്നതിനുള്ള ഓൺലൈൻ സംവിധാനം

കോട്ടയം: അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ ദ്വിദിന മെഗാ തൊഴിൽ മേള നടത്തും. കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസിന്റെ നേതൃത്വത്തിൽ നടത്തുന്ന തൊഴിൽമേളയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ജില്ലാ നൈപുണ്യ വികസന കമ്മിറ്റി കളക്ട്രേറ്റിൽ യോഗം ചേർന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആദ്യമായി നടത്തുന്ന തൊഴിൽമേള മുഖേന പരമാവധി പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് വിവിധ വകുപ്പുകളുടെ സജീവ ഇടപെടൽ ഉണ്ടാകണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ് പറഞ്ഞു. പരിപാടിയെക്കുറിച്ച് കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസ് എക്‌സിക്യൂട്ടീവ് കെ.എസ്. അനന്തു കൃഷ്ണൻ വിശദീകരിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ സി.എൻ. സുബാഷ്, ജില്ലാ സ്‌കിൽ കോ- ഓർഡിനേറ്റർ നോബിൾ എം. ജോർജ് എന്നിവർ സംസാരിച്ചു.അസാപ്, കുടുംശ്രീ തുടങ്ങിയ ഏജൻസികൾ നടത്തുന്ന നൈപുണ്യ വികസന കോഴ്‌സുകൾ പാസായവർക്കുൾപ്പെടെ ജോലി സാധ്യത ഉറപ്പാക്കും. ജില്ലയിൽ താമസിക്കുന്നവർക്കാണ് അവസരം. ഉദ്യോഗാർഥികൾക്കും തൊഴിൽദാതാക്കൾക്കും സൗജന്യമായി രജിസ്റ്റർ ചെയ്യുന്നതിനുള്ള ഓൺലൈൻ സംവിധാനം ഉടൻ സജ്ജമാകും.

അഭിപ്രായങ്ങള്‍