ഉത്സവ എഴുന്നള്ളിപ്പ്; ക്ഷേത്രത്തിനുള്ളിൽ ആനകളെ അനുവദിക്കുക പരമ്പരാഗത ആചാരപ്രകാരം - ക്ഷേത്രത്തിനുള്ളിൽ പരമാവധി അഞ്ച് ആനകളെ അനുവദിക്കും - പുറത്ത് ക്ഷേത്രത്തിലെ തിടമ്പിന്റെ എണ്ണമനുസരിച്ച് - അകമ്പടി ആനകളെ അനുവദിക്കില്ല
കോട്ടയം: ജില്ലയിൽ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര മതിൽകെട്ടിനകത്ത് ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാര പ്രകാരമുള്ള എണ്ണം ആനകളെ മാത്രം എഴുന്നള്ളിക്കാൻ തീരുമാനം. നാട്ടാന പരിപാലനചട്ടവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ കളക്ടറുടെ ചേമ്പറിൽ നടന്ന ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയിലാണ് തീരുമാനം.
ക്ഷേത്ര മതിൽക്കെട്ടിനകത്ത് എഴുന്നള്ളത്തിന് പരമാവധി അഞ്ച് ആനകളെയേ അനുവദിക്കൂ. ക്ഷേത്രത്തിനു പുറത്ത് എഴുന്നള്ളത്തിന് ഓരോ ക്ഷേത്രത്തിലെയും തിടമ്പിന്റെ എണ്ണത്തിനനുസരിച്ച് മാത്രം ആനകളെ അനുവദിക്കും. അകമ്പടി ആനകളെ അനുവദിക്കില്ല. പുറത്ത് എഴുന്നള്ളിക്കുന്ന തിടമ്പിന് ആനകളെ അനുവദിക്കുന്നതിന് കോട്ടയം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർക്ക് മുൻകൂട്ടി അപേക്ഷ നൽകണം. ജില്ലാ വെറ്റിറനറി ഓഫീസറുമായി ആലോചിച്ച് ജില്ലാ കളക്ടറുടെ അംഗീകാരത്തോടെയാണ് ഈ അപേക്ഷകളിൽ തീരുമാനമെടുക്കുക.
മൂന്ന് ആനകളിൽ കൂടുതൽ പങ്കെടുക്കുന്ന ഉത്സവങ്ങളിൽ മൃഗസംരക്ഷണ വകുപ്പിന്റെ എലിഫെന്റ് സ്ക്വാഡിന്റെ സേവനം നിർബന്ധമാണ്. ആന പാപ്പാൻമാർ രണ്ടു കോവിഡ് വാക്സിൻ എടുത്തിട്ടുണ്ടെന്ന് ഉത്സവ സംഘാടകർ ഉറപ്പു വരുത്തണം. ഉത്സവം ആരംഭിക്കുന്നതിന് 72 മണിക്കൂർ മുൻപ് ആന എഴുന്നള്ളത്തിനുള്ള അപേക്ഷ ബന്ധപ്പെട്ട അധികൃതർക്ക് നൽകണം. ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകളെ 72 മണിക്കൂർ മുൻപ് ഡോക്ടർമാർ പരിശോധിച്ച് മറ്റ് ശാരീരിക അസ്വസ്ഥതകൾ ആനയ്ക്ക് ഇല്ലെന്ന് ഉറപ്പു വരുത്തണം. ദേവസ്വം ബോർഡിന്റെ ആനകൾക്കും പരിശോധന നിർബന്ധമാണ്.
ഈ വർഷം പുതിയ ആന എഴുന്നളിപ്പിനുള്ള അപേക്ഷകൾ പരിഗണിക്കില്ല. കോവിഡ് രോഗ തീവ്രത കുറയുന്നതിനനുസരിച്ച് അടുത്തവർഷം പുതിയ അപേക്ഷ പരിഗണിക്കും.
ഉത്സവങ്ങൾ നടത്തുന്ന ക്ഷേത്രത്തിന്റെ ഒരു കവാടത്തിൽ കൂടി ആൾക്കാരെ അകത്ത് പ്രവേശിപ്പിക്കുകയും മറ്റൊരു വാതിലിലൂടെ പുറത്തേക്ക് ഇറക്കുകയും ചെയ്യണം. ഒരു ആന ആറാട്ടിനായി പോയി തിരികെ വരുമ്പോൾ ക്ഷേത്ര വാതിൽക്കൽ രണ്ടാന സ്വീകരിക്കാൻ നിൽക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററെ ചുമതലപ്പെടുത്തി. കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് അതത് സമയത്തെടുക്കുന്ന തീരുമാനങ്ങൾക്കും ഉത്തരവുകൾക്കുമനുസരിച്ച് ഉത്സവത്തിന് കൂട്ടം കൂടുന്ന ആൾക്കാരുടെ എണ്ണം നിയന്ത്രിക്കണം.
യോഗത്തിൽ അസിസ്റ്റൻ ഫോറസ്റ്റ് കൺസർവേറ്റർ കെ.എ. സാജു, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഒ.റ്റി. തങ്കച്ചൻ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഷാജി പണിക്കശേരി, അഗ്നി ശമനസേന സ്റ്റേഷൻ ഓഫീസർ അനൂപ് പി. രവീന്ദ്രൻ, വിവിധ സംഘടനാ പ്രതിനിധികളായ പി.എസ്. രവീന്ദ്രനാഥൻ, അഡ്വ. രാജേഷ് പല്ലാട്ട്, മനോജ് അയ്യപ്പൻ, പി.വി. ഗീരീഷ് കുമാർ എന്നിവർ പങ്കെടുത്തു.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.