ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം: സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

ഡെങ്കിപ്പനി 

കൊതുക് പടരുന്നതിനുള്ള എല്ലാ സാഹചര്യവും ഒഴിവാക്കണം

വീടിന്റെ പരിസരങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്ന സാധ്യതകള്‍ ഒഴിവാക്കണം, കുപ്പികള്‍, പാത്രങ്ങള്‍, ചിരട്ടകള്‍, മുട്ടത്തോടുകള്‍, ചെടിച്ചട്ടികള്‍, വീടിന്റെ പാരപ്പറ്റുകള്‍ തുടങ്ങി വെള്ളം കെട്ടി നിന്ന് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം, ഫ്രിഡ്ജ് ട്രേ, കൂളര്‍ ട്രേ, ഇന്‍ഡോര്‍ ചെടിച്ചട്ടികള്‍, തുടങ്ങിയവയില്‍ വെള്ളം കെട്ടി നിന്ന് കൊതുകു ലാര്‍വകള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്തണം

കൊതുക് കടി ഏല്‍ക്കാതിരിക്കാന്‍ കൊതുക് വല, ഇതര കൊതുക് നശീകരണ ഉപാധികള്‍ ഉപയോഗിക്കണം, റബ്ബര്‍ തോട്ടങ്ങളില്‍ ടാപ്പിങ് ഇല്ലാത്ത സമയത്ത് ചിരട്ടകള്‍ കമഴ്ത്തി വെയ്ക്കണം, വീടിന് പുറത്ത് വിറക്, കോഴിക്കൂട്, മറ്റ് ഷെഡുകള്‍ പോലുള്ളവ മൂടി വെക്കാന്‍ ഉപയോഗിക്കുന്ന ടാര്‍ പോളിന്‍ ഷീറ്റുകളുടെ മടക്കുകളില്‍ വെള്ളം കെട്ടി നില്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം. 

 കമുകിന്‍ തോട്ടങ്ങളില്‍ വീണ് കിടക്കുന്ന പാളകളില്‍ വെള്ളം കെട്ടി നിന്ന് കൊതുക് പെരുകാന്‍ സാധ്യത ഉള്ളതിനാല്‍ പാളകള്‍ കീറി ഇടുകയോ ഒരു വള്ളിയില്‍ തൂക്കി ഇടുകയോ ചെയ്യണം. ആവശ്യമായ സാഹചര്യങ്ങളില്‍ സ്‌പ്രേയിങ് , ഫോഗിങ് മുതലായവ ചെയ്യുക. ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കണം.

 എലിപ്പനി

 പ്രധാനമായും എലിയുടെ മൂത്രത്തിലൂടെയാണ് രോഗം പകരുന്നത്

അതിനാല്‍ എലിമൂത്രം കൊണ്ട് മലിനമാകാന്‍ സാധ്യതയുള്ള വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരാനുള്ള സാഹചര്യം ഒഴിവാക്കുക. കാലുകളില്‍ മുറിവുകളുള്ളവര്‍ വെള്ളത്തില്‍ ഇറങ്ങുന്നത് ഒഴിവാക്കുക. അഥവാ ഇറങ്ങേണ്ട സാഹചര്യം ഉണ്ടായാല്‍ ശരിയായ വിധത്തിലുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക.

 പ്രതിരോധത്തിന്ന് വേണ്ടി ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന രീതിയില്‍ ഡോക്‌സീസൈക്കിളിന്‍ ഗുളികകള്‍ കഴിക്കുക. വെള്ളത്തില്‍ നിന്ന് കയറിയതിന് ശേഷം കാലുകള്‍ സോപ്പ് ഉപയോഗിച്ച് ചൂട് വെള്ളത്തില്‍ കഴുകുക 

 മഞ്ഞപ്പിത്തം 

 തിളപ്പിച്ചാറിയ വെള്ളം മാത്രം കടിക്കുക, മലമൂത്ര വിസര്‍ജ്ജനം കക്കൂസുകളില്‍ മാത്രം ചെയ്യുക, മലമൂത്ര വിസര്‍ജ്ജനത്തിന്ന് ശേഷം, കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക, തണുത്തതും പഴകിയതും തുറന്ന് വെച്ചതുമായ ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കുക,

 ആഹാരം കഴിക്കുന്നതിന്ന് മുമ്പും, കുട്ടികള്‍ക്ക് നല്‍കുന്നതിന്ന് മുന്‍പും പാത്രങ്ങള്‍, സ്പൂണ്‍ മുതലായവ ചൂടു വെള്ളത്തില്‍ കഴുകുക, സ്വയം ചികിത്സ അപകടമാണ്. അസുഖം വന്നാല്‍ ഉടന്‍ തന്നെ ശരിയായ വൈദ്യസഹായം തേടുക.

അഭിപ്രായങ്ങള്‍