സംസ്ഥാനത്താകെ ഒരേ തരത്തിലുള്ള നിയന്ത്രണങ്ങളും പരിശോധനാ രീതിയും നടപ്പാക്കുന്നതിന് പകരം രോഗ വ്യാപനത്തിന്റെ തീവ്രതയ്ക്കനുസരിച്ച് വ്യത്യസ്ത തോതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോതു കണക്കാക്കി തരം തിരിച്ചു പ്രതിരോധ പ്രവർത്തനം നടപ്പാക്കും.
കോവിഡ് പരിശോധന വർധിപ്പിക്കും. ഇതുമായി ബന്ധപ്പെട്ടും നിരീക്ഷണത്തിൽ കഴിയേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചും കാമ്പയിൻ ആലോചനയിലുണ്ട്. വീടുകളിൽ നിന്ന് കൂടുതലായി രോഗം വ്യാപിക്കുന്നത് തടയാനുള്ള മാർഗങ്ങൾ നടപ്പാക്കും. മരണസംഖ്യ കൂടി വന്നത് രോഗികളുടെ എണ്ണത്തിലുണ്ടായ വർധനക്കനുപാതമായാണ്.
ഗുരുതരമായ അനുബന്ധരോഗങ്ങൾ ഉള്ളവരാണ് മരണമടഞ്ഞവരിൽ ഭൂരിഭാഗവും. അതുകൊണ്ടു തന്നെ പ്രമേഹം തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവർ രോഗം നിയന്ത്രിച്ച് നിർത്തുന്നതിൽ വിട്ടുവീഴ്ച ചെയ്യാതെ നോക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതിവ്യാപന ശേഷിയുള്ള വൈറസിനെ ചെറുത്ത് മൂന്നാം തരംഗത്തെ തടയാൻ വലിയ ബഹുജന കൂട്ടായ്മ ഉണ്ടാകേണ്ടതുണ്ട്. ലോക്ക്ഡൗൺ കൊണ്ട് മാത്രം ഇതിന് കഴിയില്ല. കഴിഞ്ഞ രണ്ടുദിവസം സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ ആയിരുന്നു.
പൊതുജനം പൂർണ്ണമനസോടെ ലോക്ക്ഡൗണുമായി സഹകരിക്കുന്നുണ്ട്. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി സ്വന്തം അസൗകര്യങ്ങൾ പരിഗണിക്കാതെ ലോക്ക്ഡൗണിൽ സഹകരിച്ച എല്ലാവർക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു. ഡെൽറ്റാ വൈറസിന്റെ സാന്നിദ്ധ്യം കൂടുതൽ നാളുകൾ തുടർന്നേക്കാമെന്നതു കൊണ്ട് ലോക്ക്ഡൗൺ പിൻവലിച്ചാലും കോവിഡ് പെരുമാറ്റചട്ടങ്ങൾ പാലിക്കുന്നതിൽ കൂടുതൽ ജാഗ്രത കാട്ടണം.
കോവിഡ് വാക്‌സിൻ കേന്ദ്രസർക്കാരിൽ നിന്നും ലഭിക്കുന്ന മുറക്ക് വാക്‌സിനേഷൻ അതിവേഗം പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണ്. എന്നാൽ എത്ര ശ്രമിച്ചാലും സാമൂഹ്യ പ്രതിരോധം കൈവരിച്ച് രോഗനിയന്ത്രണം കൈവരിക്കാൻ മാസങ്ങളും വർഷങ്ങളും എടുത്തേക്കാമെന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ധർ പറയുന്നത്.
മറ്റൊരു ലോക്ഡൗണിലേക്ക് സംസ്ഥാനത്തെ തള്ളിവിടാതിരിക്കാൻ എല്ലാവരും ഒത്തൊരുമിച്ച് ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്നാം തരംഗത്തെ പറ്റി അതിശയോക്തി കലർന്ന റിപ്പോർട്ടുകളോർത്ത് ഭയക്കേണ്ടതില്ല. മൂന്നാം തരംഗമുണ്ടായാൽ അതിനെ നേരിടാൻ സർക്കാർ ഉചിതമായ സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.