ബ്ലാക്ക് ഫംഗസ് രോഗബാധയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ അറിയുന്നതിലൂടെ രോഗബാധ ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കാനാകും.
വിവിധ തരം ഫംഗസുകൾ അഥവാ പൂപ്പലുകൾ നമ്മുടെ ചുറ്റിലുമുണ്ട്. അതിൻ്റെ കണികകൾ വായുവിലുണ്ട്. സാധാരണയായി പൂപ്പലുകൾ തൊലിപ്പുറത്ത് നിറവ്യത്യാസം, പാടുകൾ, ചൊറിച്ചിൽ, അപൂർവ്വമായി ചുണ്ടിലും വായിലും നിറവ്യത്യാസം എന്നിവ ഉണ്ടാക്കും. തൊലിപ്പുറത്ത് ഉപയോഗിക്കാവുന്ന മരുന്നുകൾ ഉപയോഗിച്ച് രോഗം ഭേദമാകും. മ്യൂക്കർ മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസും നമുക്ക് ചുറ്റുമുള്ള ഒരു ഫംഗസാണ്. രോഗ പ്രതിരോധ ശേഷി കുറഞ്ഞവരെ ഇതു ബാധിക്കുമ്പോൾ സ്ഥിതിഗതികൾ ഗുരുതരമാകുന്നു.
രോഗ സാധ്യത പ്രതിരോധശേഷി കുറഞ്ഞവർക്ക്
നിയന്ത്രിതമല്ലാത്ത പ്രമേഹം, ക്യാൻസർ, കീമോതെറാപ്പി ചികിത്സ, ദീർഘകാലമായി കൂടിയ അളവിൽ സ്റ്റിറോയ്ഡുകളുടെ ഉപയോഗം, ജന്മനായുള്ള പ്രതിരോധശേഷിക്കുറവ്, എയ്ഡ്സ് രോഗബാധ എന്നീ അവസ്ഥകളിൽ രോഗ പ്രതിരോധ ശേഷി കുറവായിരിക്കും. കോവിഡ് ചികിത്സയിൽ ഉപയോഗിക്കുന്ന മരുന്നുകളും രോഗപ്രതിരോധശേഷി കുറയ്ക്കും. ഏറെ നാൾ വെൻ്റിലേറ്ററിൽ കഴിയുന്നവരിലും ഫംഗസ് ബാധയുണ്ടാകാൻ സാധ്യതയേറെയാണ്.
ലക്ഷണങ്ങൾ
കോവിഡിനെ തുടർന്ന് ഫംഗസ് രോഗബാധയുണ്ടാകുമ്പോൾ മുഖത്ത് തലയോട്ടിയിലെ മൂക്കിൻ്റെ അടുത്തുള്ള സൈസുകൾ അഥവാ അറകൾ, കണ്ണ്, തലച്ചോറ് ഇവയെ ക്രമാനുഗതമായി ബാധിക്കുന്നു. നീണ്ടു നിൽക്കുന്ന കടുത്ത തലവേദന, മുഖം വേദന, മൂക്കിൽ നിന്ന് സ്രവം / രക്തസ്രാവം, മുഖത്ത് നീര് വന്ന് വീർക്കുക, മൂക്കിൻ്റെ പാലത്തിലും അണ്ണാക്കിലും കറുപ്പ് കലർന്ന നിറവ്യത്യാസം, കണ്ണുകൾ തള്ളി വരിക, കാഴ്ച മങ്ങൽ, കാഴ്ച നഷ്ടം, ഇരട്ടയായി കാണുക എന്നിവയാണ് രോഗലക്ഷണങ്ങൾ. തലച്ചോറിനെ ബാധിച്ചാൽ ബോധക്ഷയം, അപസ്മാരം തുടങ്ങിയവ ഉണ്ടാകാം.
രോഗനിർണ്ണയം
സ്രവ പരിശോധനയോ ബയോപ്സി പരിശോധനയോ നടത്തി ഫംഗസിനെ കണ്ടെത്തുന്നു. സ്കാനിംഗ് നടത്തി രോഗബാധയുടെ തീവ്രത അറിയാം.
ചികിത്സ
ശക്തി കൂടിയ ദീർഘനാൾ കഴിക്കേണ്ട ആൻ്റിഫംഗൽ മരുന്നുകൾ കഴിക്കേണ്ടിവരും. രോഗബാധ മൂലം നശിച്ച് പോയ കോശങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നേക്കാം.
പ്രതിരോധം
ബ്ലാക്ക് ഫംഗസ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരില്ല. പ്രമേഹം നിയന്ത്രിച്ച് നിർത്തണം. രോഗലക്ഷണങ്ങൾ അവഗണിക്കരുത്. യഥാസമയം ചികിത്സ തേടണം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.