കോട്ടയം ജില്ലയിലെ പ്രധാന സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്കും പരിചരണത്തിനും ലഭ്യമായ സൗകര്യങ്ങളെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ ഇനി പൊതുജനങ്ങള്‍ക്ക് അറിയാം. ആശുപത്രികളിലെ കിടക്കകള്‍, ഐ.സി.യു, വെന്‍റിലേറ്റര്‍, ആംബുലൻസ് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ഏതു സമയത്തും ലഭ്യമാക്കുന്ന കണ്‍ട്രോള്‍ റൂം കോട്ടയം കാരിത്താസ് ആശുപത്രിയില്‍ ജില്ലാ കളക്ടര്‍ എം. അഞ്ജന ഉദ്ഘാടനം ചെയ്തു.
എല്ലാ സ്വകാര്യ ആശുപത്രികളും ഒഴിവുകള്‍ ഈ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കും. 0481 - 6811100 എന്ന നമ്പരില്‍ ബന്ധപ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് വിവരം ലഭിക്കും. ഇതിനു പുറമെ covid19jagratha.kerala.nic.in എന്ന പോര്‍ട്ടലിലും വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരികയാണ്.
ജില്ലയിലെ സ്വകാര്യ ആശുപത്രി മാനേജ്മെന്‍റ് പ്രതിനിധികളുമായി കളക്ടര്‍ നടത്തിയ ചര്‍ച്ചയിലെ തീരുമാനമനുസരിച്ചാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമാക്കിയത്.
സൈനിക് വെല്‍ഫെയര്‍ അസോസിയേഷനും കോട്ടയം ബി.സി.എം കോളേജുമാണ് ഇവിടെ സേവനത്തിന് സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിക്കുന്നത്.
നിലവില്‍ സ്വകാര്യ ആശുപത്രികളിലെ 25 ശതമാനം കിടക്കകളാണ് കോവിഡ് ചികിത്സക്കായി മാറ്റിവച്ചിരിക്കുന്നത്.വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികളെ വീടുകളില്‍ നിന്നും പരിചരണ കേന്ദ്രങ്ങളില്‍ നിന്നും സ്വകാര്യ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന സാഹചര്യത്തില്‍ സൗകര്യങ്ങളുടെ തത്സമയ വിവരം ലഭിക്കുന്നത് യഥാസമയം ചികിത്സ നല്‍കുന്നതിന് ഉപകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
ഉദ്ഘാടന വേളയില്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ വ്യാസ് സുകുമാരന്‍, കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ. ബിനു കുന്നത്ത്, കാരിത്താസ് ആശുപത്രി കണ്‍സല്‍ട്ടന്റ് മാത്യു ജേക്കബ്,ഫാ. ജിനു കാവില്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍, ക്യാപ്റ്റന്‍ ജെ.സി. ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.