തൃശൂർ പൂരം ഇത്തവണ ഇങ്ങനെ, പോകാനൊരുങ്ങുന്നവർ അറിയാൻ



തൃശൂർ ∙ പൂരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രൗഢഗംഭീരമായി തന്നെ നടത്തുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാറും പൂരം നടത്തിപ്പു സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് കലക്ടർ എസ്.ഷാനവാസും പറഞ്ഞു.

തൃശൂർ പൂരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്  സാധാരണ നിലയിൽ നടത്താമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ് പറഞ്ഞു. കലക്ടറുടെ ചേംബറിൽ ഇരു ദേവസ്വങ്ങളുടെ പ്രതിനിധികളുമായും പൂരം കോർ കമ്മറ്റിയുമായും നടത്തിയ യോഗത്തിലാണ് ജില്ലാ കലക്ടർ ഇക്കാര്യം വ്യക്തമാക്കിയത്.

28-03-2021ലെ പിആർഡി റിലീസ് ഇങ്ങനെ
 
പൂരം അതിൻ്റെ എല്ലാ ആചാര, ആഘോഷ ചടങ്ങുകൾ ഉൾപ്പെടുത്തി തന്നെ നടത്താം. എന്നാൽ ജനങ്ങളെ നിയന്ത്രിക്കുന്നതുൾപ്പെടെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതടക്കമുള്ള കാര്യങ്ങളുടെ ഉത്തരവാദിത്വം തിരുവമ്പാടി, പാറമേക്കാവ്  ദേവസ്വങ്ങൾ ഏറ്റെടുക്കണം. പൂരം എക്സിബിഷനും സാധാരണ പോലെ നടത്താം. 
മുൻ കാലങ്ങളിലെ പോലെ മാനുവൽ ടിക്കറ്റിങ് സംവിധാനമാണ് ഇതിൽ  ഏർപ്പെടുത്തുക. എന്നാൽ സന്ദർശകരെ നിയന്ത്രിക്കാൻ സംഘാടകർ ശ്രദ്ധിക്കണമെന്നും കലക്ടർ നിർദേശിച്ചു. പൂരത്തിൻ്റെ പ്രധാന ചടങ്ങുകളിലും ആഘോഷങ്ങളിലും ഉണ്ടാവാൻ സാധ്യതയുള്ള തിരക്ക് നിയന്ത്രിക്കാൻ ഇരു ദേവസ്വങ്ങൾക്കൊപ്പം കൊച്ചിൻ ദേവസ്വം ബോർഡും മേൽനോട്ടം വഹിക്കണമെന്ന് കലക്ടർ അഭിപ്രായപ്പെട്ടു.

 
ഏപ്രിൽ ഒന്നു മുതൽ ഇരുദേവസ്വങ്ങളുടെയും 45 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിനേഷൻ നടത്തും. ഇതിനായി ഇരു ദേവസ്വവും വാക്സിനേഷനുള്ള പട്ടിക ഉടൻ നൽകണമെന്നും ഇവർക്ക് നിർദ്ദേശിക്കുന്ന  മെഡിക്കൽ ക്യാമ്പിൽ നേരിട്ടു ചെന്ന് വാക്സിനേഷൻ എടുക്കാമെന്നും ഡി എം ഒ കെ ജെ റീന അറിയിച്ചു.
ഇതിന് ഏതെങ്കിലും തിരിച്ചറിയൽ കാർഡുമതി. ഓൺലൈനിലൂടെ ഇതിനുള്ള മാർഗ നിർദേശങ്ങൾ നൽകുമെന്നും ഡി എം ഒ വ്യക്തമാക്കി. 
പൊലീസ് സേനയുടെ മുഴുവൻ സമയ പ്രവർത്തവും പൂരത്തിലുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യയും വ്യക്തമാക്കി.

അഭിപ്രായങ്ങള്‍