പണമായുള്ള(ക്യാഷ്) ഇടപാടുകള്‍ പതിനായിരത്തിന് മുകളിലേക്ക് പാടില്ല, സ്ഥാനാര്‍ഥികളുടെ വരവ് ചെലവ് സംബന്ധിച്ച് നിബന്ധന

 


ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനകൾ പ്രകാരം സ്ഥാനാർഥികളുടെ വരവ് ചെലവുകള്‍ക്ക് നേരിട്ട് പണമായി കൈമാറാവുന്ന തുക പതിനായിരം രൂപ വരെയായി നിജപ്പെടുത്തിയിട്ടുണ്ട്. സ്ഥാനാര്‍ഥികളുടെ വരവ് ചെലവ് സംബന്ധിച്ച് ശനിയാഴ്ച കളക്ടറേറ്റിൽ ചേർന്ന രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പതിനായിരത്തിന് മുകളിലുള്ള ഇടപാടുകള്‍ എല്ലാം ചെക്ക്, ഡി.ഡി., മറ്റ് ഡിജിറ്റല്‍ ഉപാധികള്‍ വഴിയായിരിക്കണം. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്  അലക്സ് ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജെ.മോബി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ.അരുണ്‍ കുമാര്‍, ഫിനാൻസ് ഓഫീസർ ഷിജു ജോസ്, രാഷ്ട്രീയകക്ഷി പ്രതിനിധികളായ ജി.സഞ്ജീവ് ഭട്ട്, എ.സിറാജുദ്ദീന്‍, ബി.നസീര്‍, ആര്‍.ഉണ്ണികൃഷ്ണന്‍, അബ്ദുള്‍ സലാം ലബ്ബ  എന്നിവർ യോഗത്തിൽ സംബന്ധിച്ചു. 


തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവർത്തനങ്ങളുടെ പുരോഗതി രാഷ്ട്രീയകക്ഷി പ്രതിനിധികളുമായി ചർച്ച ചെയ്തു.  സ്ഥാനാർത്ഥികൾ പണം ചെലവഴിക്കുമ്പോഴും വാങ്ങുമ്പോഴും പാലിക്കേണ്ട നിബന്ധനകളും യോഗത്തില്‍ എ.ഡി.എം വിശദീകരിച്ചു. തിരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് മാത്രമായി സ്ഥാനാര്‍ഥി ഒരു പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങണം. പത്രിക സമര്‍പ്പണത്തിന് ഒരുദിവസം മുന്‍പെങ്കിലും ഈ അക്കൗണ്ട് തുടങ്ങിയിരിക്കണം. 

സ്ഥാനാര്‍ഥികളുടെ പണമിടപാടുകള്‍ എല്ലാം ഈ അക്കൗണ്ടുവഴിയാകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്കര്‍ഷിക്കുന്നു. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ്‌വര്‍ക്കുകള്‍, റേഡിയോ/ പ്രൈവറ്റ് എഫ്.എം. ചാനലുകള്‍, സിനിമാ തിയറ്ററുകള്‍, സമൂഹ മാധ്യമങ്ങള്‍, പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന രാഷ്ട്രിയ പരസ്യ വീഡിയോ പ്രദര്‍ശനങ്ങള്‍, ബള്‍ക്ക് എസ്.എം.എസ് ,വോയിസ് മെസേജ് , ഇ-പേപ്പറുകള്‍‍ എന്നിവയില്‍ നല്‍കുന്ന പരസ്യങ്ങള്‍ എന്നിവയ്ക്ക് ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ (എം.സി.എം.സി.) മുന്‍കൂര്‍ അംഗീകാരം നേടണം. 

പരസ്യത്തിന്റെ ഇലക്ട്രോണിക് ഫോര്‍മാറ്റിലുള്ള രണ്ട് സി.ഡി. പകര്‍പ്പുകളും സ്വയം സാക്ഷ്യപ്പെടുത്തിയ ‍സ്‌ക്രിപ്റ്റും അപേക്ഷയ്‌ക്കൊപ്പം നല്‍കണം. പരസ്യത്തിന്റെ നിര്‍മാണച്ചെലവ്, പ്രക്ഷേപണം/ സംപ്രേഷണം ചെയ്യുന്നതിനുള്ള ചെലവ്, ഏതെങ്കിലും സ്ഥാനാര്‍ഥിക്കു വേണ്ടിയുള്ളതാണോ പാര്‍ട്ടിക്ക് വേണ്ടിയുള്ളതാണോ തുടങ്ങിയവ വ്യക്തമാക്കുന്ന നിശ്ചിത ഫോറത്തിലാണ് അപേക്ഷ നല്‍കേണ്ടത്.

കളക്ട്രേറ്റിലെ രണ്ടാം നിലയിലാണ് എം.സി.എം.സി സെല്‍ പ്രവര്‍ത്തിക്കുന്നത് . സര്‍ട്ടിഫിക്കേഷന് ജില്ല തല എം.സി.എം.സി യെയാണ് സമീപിക്കേണ്ടത്. പോസ്റ്റല്‍ ബാലറ്റ്, മാതൃകാപെരുമാറ്റച്ചട്ടം, തിരഞ്ഞെടുപ്പ് യോഗങ്ങള്‍ക്ക് സ്ഥലം അനുവദിക്കല്‍ തുടങ്ങിയ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. 

അഭിപ്രായങ്ങള്‍