കോവിഡ് പ്രതിരോധ വാക്സിന്‍; എങ്ങനെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്?- All About Covid vaccination kerala

covid-vaccine-registration-kerala
ആലപ്പുഴ: ജില്ലയില്‍ കോവിഡ് വാക്സിന്റെ വിതരണം തുടരുകയാണ്.കോവിഡ് വാക്സിന്‍ സംബന്ധിച്ച് ഉയരാവുന്ന സംശയങ്ങളും അതിനുള്ള ഉത്തരവും വിശദീകരിച്ചുകൊണ്ട് ജില്ല മെഡിക്കല്‍ ഓഫീസ് പത്രക്കുറിപ്പ് ഇറക്കി. (1) കോവാക്സിന്‍/ കോവിഷീല്‍ഡ് വാക്സിനുകള്‍ സുരക്ഷിതമാണോ? അതെ. 99 % ആരോഗ്യപ്രവര്‍ത്തകരും ആദ്യഡോസ് സ്വീകരിച്ചു കഴിഞ്ഞു. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് കൊണ്ടിരിക്കുന്നു. കോവിഡ് മുന്നണി പോരാളികളും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വാക്സിന്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നു. (2) വാക്സിന്‍ എല്ലാവരും നിര്‍ബന്ധമായും എടുക്കേണ്ടതാണോ? വാക്സിന്‍ എടുക്കുന്നതിന് നിങ്ങള്‍ക്ക് സ്വമേധയാ തീരുമാനമെടുക്കാം. എന്നാല്‍ രോഗത്തിനെതിരെ പ്രതിരോധമുറപ്പിക്കാനും കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങി നമ്മള്‍ സമ്പര്‍ക്കത്തിലാകുന്നവരെ രോഗ വ്യാപനത്തില്‍ നിന്നും സംരക്ഷിക്കാനും വാക്സിന്‍ എടുക്കേണ്ടതാണ്. (3) പൊതുജനങ്ങളില്‍ വാക്സിന്‍ ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ ആരൊക്കെ? 60 വയസ്സിനു മുകളില്‍ പ്രായമുള്ള പൗരന്‍മാര്‍ക്കും 45 വയസ്സിനും 59 വയസ്സിനുമിടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കും ( 20 രോഗാവസ്ഥകള്‍ നിശ്ചയിച്ചിട്ടുണ്ട്.) വാക്സിന്‍ ലഭിക്കും. (4) വാക്സിനേഷന്‍ ലഭിക്കുന്നതിനായി എങ്ങനെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്? വാക്സിനേഷന്‍ ലഭിക്കുന്നതിനായി നിങ്ങള്‍ക്ക് സ്വയം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിന് കോവിന്‍ 2.0 ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. ആരോഗ്യ സേതു പൊലെയുള്ള ആപ്ലിക്കേഷനുകളിലൂടെയും രജിസ്റ്റര്‍ ചെയ്യാനാവും. ഗവണ്‍മെന്‍റ്/ സ്വകാര്യ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍, വാക്സിന്‍ ലഭ്യമാകുന്ന സമയം, ദിവസം എന്നിവ തെരഞ്ഞെടുത്ത് വാക്സിന്‍ ലഭിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യുക. (5) വാക്സിന്‍ ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്യാനായി സമര്‍പ്പിക്കേണ്ട രേഖകളെന്തെല്ലാമാണ്? രജിസ്റ്റര്‍ ചെയ്യുന്നതിനായി അവരവരുടെ ആധാര്‍ കാര്‍ഡോ ഇലക്ഷന്‍ തിരിച്ചറിയല്‍ രേഖയോ ഉപയോഗിക്കുക. 45 നും 59 നുമിടയില്‍ പ്രായമുള്ളവര്‍ രോഗം തെളിയിക്കുന്ന രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷനര്‍ ഒപ്പിട്ടു നല്കിയ സാക്ഷ്യപത്രം സമര്‍പ്പിക്കേണ്ടതാണ്. (6) സ്വയം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ എന്ത് ചെയ്യണം? സ്വയം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് വാക്സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തി തത്സമയം രജിസ്റ്റര്‍ ചെയ്ത് വാക്സിന്‍ സ്വീകരിക്കാന്‍ കഴിയും. (7) വാക്സിന്‍ എടുക്കാന്‍ നേരത്തെ ലഭിച്ച അവസരം നഷ്ടമായവര്‍ എന്ത് ചെയ്യണം? നേരത്തെ അവസരം ലഭിച്ചിട്ടും വാക്സിന്‍ എടുക്കാന്‍ കഴിയാതെ പോയ ആരോഗ്യപ്രവര്‍ത്തകര്‍ക്കും, പോളിങ് ഉദ്യോഗസ്ഥര്‍ക്കും, കോവിഡ് മുന്നണിപ്പോരാളികള്‍ക്കും ഔദ്യോഗിക തിരിച്ചറിയല്‍ രേഖയുപയോഗിച്ച് തത്സമയ രജിസ്ട്രേഷനിലൂടെ തെരഞ്ഞെടുക്കുന്ന വാക്സിനേഷന്‍ കേന്ദ്രത്തില്‍ നിന്നും മാര്‍ച്ച് 5 ന് മുന്‍പായി കുത്തിവയ്പ് സ്വീകരിക്കാം. (8) വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ എവിടെയൊക്കെ ഉണ്ടാകും? ആരോഗ്യവകുപ്പിനു കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹിക കുടുംബാരോഗ്യകേന്ദ്രങ്ങള്‍, താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികള്‍, തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികള്‍, എന്നിവിടങ്ങളില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരിക്കും. (9) വാക്സിനേഷന്‍ സൗജന്യമാണോ? സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിനേഷന്‍ തികച്ചും സൗജന്യമാണ്. എന്നാല്‍ തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസിന് 250 രൂപ വാക്സിനേഷന് നല്‍കേണ്ടതാണ്. (10) ആരോഗ്യവകുപ്പില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഒരാള്‍ക്ക് വാക്സിന്‍ ലഭിക്കുമോ? കോവിഡ് വാക്സിന്‍ ലഭിക്കുന്നതിന് രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. (11) വാക്സിനേഷന്‍ സ്ഥലത്ത് ഐ.ഡി.കാര്‍ഡ് കാണിക്കേണ്ടതുണ്ടോ? രജിസ്ട്രേഷന് സമര്‍പ്പിച്ച അതേ തിരിച്ചറിയല്‍ കാര്‍ഡും, ആധാര്‍ കാര്‍ഡും വാക്സിന്‍ സ്വീകരിക്കാനെത്തുന്ന ബൂത്തിലും കാണിക്കേണ്ടതാണ്. (12) വ്യക്തികള്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എന്തൊക്കെ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. വാക്സിനെടുത്ത ശേഷം അരമണിക്കൂര്‍ വാക്സിനേഷന്‍ കേന്ദ്രത്തിലെ നിരീക്ഷണ മുറിയില്‍ വിശ്രമിക്കേണ്ടതാണ്. എന്തെങ്കിലും അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുക. (13) വാക്സിന്‍ എടുത്താലും കോവിഡിനെതിരെയുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ടോ? മാസ്ക് ധരിക്കുക, കൈകള്‍ അണുവിമുക്തമാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങി പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ കര്‍ശനമായും തുടരണം. (14) കോവിഡ്-19 വാക്സിനേഷനുണ്ടായേക്കാവുന്ന ശാരീരിക അസ്വസ്ഥതകള്‍ എന്തെല്ലാം ? ചെറിയ പനി, വേദന തുടങ്ങി ചെറിയ അസ്വസ്ഥതകള്‍ തനിയെ മാറുന്നതാണ്. കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ച് നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കുക. ധാരാളം വെള്ളം കുടിക്കേണ്ടതാണ്. (15) എത്ര ഇടവേളയില്‍ എത്ര ഡോസ് വാക്സിന്‍ സ്വീകരിക്കണം.? 28 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിക്കേണ്ടതാണ്. (15) എപ്പോഴാണ് ശരീരം പ്രതിരോധ ശേഷി കൈവരിക്കുന്നത്? കോവിഡിനെതിരെ ആന്‍റി ബോഡികള്‍ സാധാരണയായി രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 2 ആഴ്ച കഴിയുമ്പോള്‍ വികസിക്കുന്നു. (16) ആരൊക്കെയാണ് വാക്സിന്‍ എടുക്കാതെ മാറി നില്‍ക്കേണ്ടത്? ഗര്‍ഭിണികള്‍, ഗര്‍ഭിണിയാണെന്ന് സംശയിക്കുന്നവര്‍, മുലയൂട്ടുന്നവര്‍, ഗുരുതരമായ അലര്‍ജി പ്രശ്നങ്ങളുള്ളവര്‍ തുടങ്ങിയവര്‍ വാക്സിന്‍ എടുക്കേണ്ടതില്ല. (17) കാന്‍സര്‍, പ്രമേഹം, രക്ത സമ്മര്‍ദ്ദം എന്നിവയ്ക്ക് മരുന്നു കഴിക്കുന്നവര്‍ക്ക് വാക്സിന്‍ സ്വീകരിക്കാനാവുമോ? പ്രമേഹം, കാന്‍സര്‍, രക്ത സമ്മര്‍ദ്ദം തുടങ്ങി രോഗങ്ങള്‍ ഉള്ളവര്‍ റിസ്ക് കൂടിയ വിഭാഗത്തില്‍ പെടുന്നവരാണ്. അവര്‍ തീര്‍ച്ചയായും വാക്സിന്‍ സ്വീകരിക്കേണ്ടതാണ്. (18) കോവിഡ്-19 ഉറപ്പാക്കിയ/ സംശയിക്കുന്ന രോഗിക്ക് വാക്സിന്‍ എടുക്കേണ്ടതുണ്ടോ? രോഗലക്ഷണങ്ങളുള്ളവര്‍ അല്ലെങ്കില്‍ രോഗം സംശയിക്കപ്പെടുന്നവരിലൂടെ വാക്സിനേഷന് എത്തുന്നവര്‍ക്ക് രോഗബാധയുണ്ടായേക്കാം. അതിനാല്‍ അങ്ങനെയുള്ളവര്‍ ലക്ഷണമുണ്ടായി 14 ദിവസത്തേയ്ക്ക് വാക്സിന്‍ എടുക്കേണ്ടതില്ല. (19) വാക്സിനേഷനുമായി ബന്ധപ്പെട്ട് സംശയ ദുരീകരണത്തിനായി നിലവിലുള്ള സംവിധാനം എന്താണ്? വാക്സിനേഷനുമായി ബന്ധപ്പെട്ടുള്ള എല്ലാ സംശയങ്ങള്‍ക്കും 0477 2239999 എന്ന നമ്പരില്‍ രാവിലെ 10 നും വൈകുന്നേരം 5 നും ഇടയില്‍ വിളിക്കാവുന്നതാണ്.

അഭിപ്രായങ്ങള്‍