സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനം ആളുകളെ അറിയിക്കാം, ഒപ്പം ഒരു ലക്ഷം മുതൽ സമ്മാനവും


 സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനം ആളുകളെ അറിയിക്കുകയും ചെയ്യാം , ഒരു ലക്ഷം രൂപ വരെ സമ്മാനം നേടുകയും ചെയ്യാം. ദാ ഈ പദ്ധതിയുമായി വരികയാണ് ഇൻഫർമേഷൻ– പബ്ളിക് റിലേഷൻസ് വകുപ്പ്. 'മിഴിവ് 2021' എന്ന പേരിലാണ് മത്സരാധിഷ്ഠിത പരിപാടി സംഘടിപ്പിക്കുന്നത്. 

ജനുവരി ആറു  മുതൽ 26 വരെയാണ് കാലാവധി. 


www.mizhiv.kerala.gov.in ൽ രജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുക്കാം. 'നിങ്ങൾ കണ്ട വികസന കാഴ്ച' എന്നതാണ് വിഷയം.

കഴിഞ്ഞ നാലര വർഷത്തെ സർക്കാരിന്‍റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ വീഡിയോകൾക്ക് ആധാരമാക്കാം. പ്രൊഫഷണൽ ക്യാമറ ഉപയോഗിച്ചോ, മൊബൈലിലോ ഷൂട്ട് ചെയ്യാം. 


ഫിക്ഷൻ/ ഡോക്യുഫിക്ഷൻ/ അനിമേഷൻ (3ഡി/2ഡി), നിശ്ചല ചിത്രങ്ങൾ മൂവിയാക്കുക തുടങ്ങി ഏത് മേക്കിംഗ് രീതിയിലും വീഡിയോ അവതരിപ്പിക്കാം. 

സൃഷ്ടികള്‍ സാധാരണക്കാരന് മനസ്സിലാകുന്ന വിധത്തിൽ ലളിതവും കൗതുകം നിറഞ്ഞതുമായിരിക്കണമെന്നതാണ് അടിസ്ഥാന യോഗ്യത.


വീഡിയോകളുടെ പരമാവധി ദൈർഘ്യം 90 സെക്കന്‍ഡ്. ക്രെഡിറ്റ്‌സ്, ലഘുവിവരണം എന്നിവ ചേർത്ത് ഫുൾ എച്ച് ഡി (1920x1080) എം.പി-4 ഫോർമാറ്റിൽ അപ് ലോഡ് ചെയ്യണമെന്നതാണ് ടെക്നിക്കൽ യോഗ്യത.


 രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ലോഗിൻ ഐഡിയും പാസ് വേര്‍ഡും ഉപയോഗിച്ച് ഈ മാസം 26 വരെ വീഡിയോ അപ് ലോഡ് ചെയ്യാനാകും. വീഡിയോകൾ പ്രമുഖ സിനിമ -പരസ്യ സംവിധായകർ വിലയിരുത്തിയാകും സമ്മാനങ്ങൾ നിശ്ചയിക്കുക.

 ഒന്നാം സമ്മാനം - ഒരു ലക്ഷം രൂപ, രണ്ടാം സമ്മാനം - 50,000 രൂപ, മൂന്നാം സമ്മാനം - 25,000 രൂപ, പ്രോത്സാഹന സമ്മാനം - 5000 രൂപ വീതം 5 പേർക്ക്.


സർക്കാർ വകുപ്പുകളുടെ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുകയാണ് മിഴിവ് ഓൺലൈൻ മത്സര പരിപാടിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഐ &പി ആർ ഡി ഡയറക്ടർ എസ്. ഹരികിഷോർ പറഞ്ഞു. മിഴിവ് മത്സരത്തിലെ എൻട്രികളുടെ പകർപ്പവകാശം ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിനായിരിക്കും.

അഭിപ്രായങ്ങള്‍