ഇരകൾക്കും ഇരവുകള്‍ക്കും ഇലപച്ചകൾക്കും കാവലായ കവി: പ്രിയപ്പെട്ട കവിതകള്‍-സുഗതകുമാരി ടീച്ചർ



എന്റെ വഴിയിലെ വെയിലിനും നന്ദി

എന്റെ ചുമലിലെ ചുമടിനും നന്ദി

എന്റെ വഴിയിലെ തണലിനും കൊച്ചു മരക്കൊമ്പിലെ കുയിലിനും നന്ദി...

ഇലകൾക്കും പൂക്കൾക്കും വേണ്ടി ശബ്ദിച്ചയാള്‍, മനുഷ്യന്റെ വിഷമങ്ങളെ പേനത്തുമ്പികളിലേക്കു മാത്രമല്ലാതെ വിപ്ളവങ്ങളിലൂടെയും സ്വന്തനം പകർന്ന കവയിത്രി. ഇതെല്ലാമായിരുന്നു പ്രശസ്ത കവിയും സ്വാതന്ത്ര്യസമരസേനാനിയുമായ ബോധേശ്വരന്റെയും തിരുവനന്തപുരം വുമന്‍സ് കോളേജില്‍ സംസ്‌കൃതം പ്രൊഫസറായിരുന്ന കാര്‍ത്യായനിയമ്മയുടേയും പുത്രിയായിരുന്നു സുഗതകുമാരി.

പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടിയും സാമുഹിക അനീതികള്‍ക്കെതിരെയും പോരാടിയ കവയിത്രി.

സൈലന്റ് വാലി പ്രക്ഷോഭത്തിൽ സുഗതകുമാരി വലിയ പങ്കുവഹിച്ചു.  അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്

തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പലായിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് എന്ന മാസികയുടെ ചീഫ് എഡിറ്ററാണ്.


കവിത: രാത്രിമഴ

രചന: സുഗതകുമാരി

രാത്രിമഴ,

ചുമ്മാതെ കേണും ചിരിച്ചും

വിതുമ്പിയും നിര്‍ത്താതെ

പിറുപിറുത്തും നീണ്ട മുടിയിട്ടുലച്ചും

കുനിഞ്ഞിരിക്കുന്നൊരു യുവതിയാം

ഭ്രാന്തിയെപ്പോലെ

രാത്രിമഴ,

പണ്ടെന്റെ സൌഭാഗ്യരാത്രികളിലെന്നെ

ചിരിപ്പിച്ച ,

കുളിര്‍ കോരിയണിയിച്ച

വെണ്ണിലാവേക്കാള്‍ പ്രിയം

തന്നുറക്കിയോരന്നത്തെയെന്‍പ്രേമസാക്ഷി

രാത്രിമഴ, രാത്രിമഴയോടു ഞാന്‍ പറയട്ടെ,

നിന്റെ ശോകാര്‍ദ്രമാം സംഗീതമറിയുന്നു ഞാന്‍

നിന്റെയലിവും അമര്‍ത്തുന്ന രോഷവും,

ഇരുട്ടത്ത് വരവും,

തനിച്ചുള്ള തേങ്ങിക്കരച്ചിലും

പുലരിയെത്തുമ്പോള്‍

മുഖം തുടച്ചുള്ള നിന്‍ തിടുക്കവും

കള്ളച്ചിരിയും, നാട്യവും ഞാനറിയും ....

അറിയുന്നതെന്തു കൊണ്ടെന്നോ.....സഖീ....

ഞാനുമിതു പോലെ...രാത്രിമഴപോലെ.....

രാത്രിമഴപോലെ....രാത്രിമഴപോലെ...



ഒരു പാട്ടു പിന്നെയും

......................................

ഒരു പാട്ടു പിന്നെയും പാടി നോക്കുന്നിതാ


ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി


മഴുതിന്ന മാമര കൊമ്പില്‍ തനിച്ചിരുന്നൊ-


ടിയാ ചിറകു ചെറുതിളക്കി


നോവുമെന്നോര്‍ത്തു പതുക്കെ അനങ്ങാതെ


പാവം പണിപ്പെട്ടു പാടിടുന്നു


ഇടരുമീ ഗാനമോന്നേറ്റു പാടാന്‍ കൂടെ


ഇണയില്ല കൂട്ടിനു കിളികളില്ല


പതിവുപോല്‍ കൊത്തി പിരിഞ്ഞുപോയ്‌


മേയ്‌ ചൂടില്‍ അടവെച്ചുയര്‍ത്തിയ കൊച്ചുമക്കള്‍


ആര്‍ക്കുമല്ലാതെ വെളിച്ചവും ഗാനവും


കാറ്റും മനസ്സില്‍ കുടിയിരുത്തി


വരവായോരന്തിയെ കണ്ണാല്‍ ഉഴിഞ്ഞു -


കൊണ്ടൊരു കൊച്ചു രാപ്പൂവുണര്‍ന്ന നേരം


ഒരു പാട്ടു കൂടി പതുക്കെ മൂളുന്നിതാ


ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി


ഇരുളില്‍ തിളങ്ങുമീ പാട്ടു കേള്‍ക്കാന്‍ കൂടെ


മരമുണ്ട് മഴയുണ്ട് കുളിരുമുണ്ട്


നിഴലുണ്ട് പുഴയുണ്ട് തലയാട്ടുവാന്‍ താഴെ


വഴിമര ചോട്ടിലെ പുല്ലുമുണ്ട്


ആരുമില്ലെങ്കിലെന്തായിരം കൊമ്പത്ത്


താരുകളുണ്ട് താരങ്ങളുണ്ട്


ആപാട്ടിലാഹ്ലാദ തേനുണ്ട് കനിവെഴും


സ്വപ്നങ്ങളുണ്ട് കണ്ണീരുമുണ്ട്


ഒരു പാട്ടു പിന്നെയും പാടവേ തന്‍ കൊച്ചു


ചിറകിന്റെ നോവ്‌ മറന്നു പോകെ


ഇനിയും പറക്കില്ല എന്നതോര്‍ക്കാതെയാ


വിരിമാനം ഉള്ളാല്‍ പുണര്‍ന്നു കൊണ്ടേ


വെട്ടിയ കുറ്റിമേല്‍ ചാഞ്ഞിരുന്നാര്‍ദ്രമായ്‌


ഒറ്റചിറകിന്റെ താളമോടെ


ഒരുപാട്ട് വീണ്ടും തെളിഞ്ഞു പാടുന്നിതാ


ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി.


അഭിപ്രായങ്ങള്‍