എല്ലാ വർഷവും ഡിസംബർ അവസാനം തുടങ്ങി ജനുവരി ആദ്യ ആഴ്ചകളിൽവരെ ശിവഗിരിയിലേക്കു ജനസമുദ്രം ഒഴുകുന്ന കാലമാണ്. ഇത്തവണ 88-ാമത് ശിവഗിരി തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങളും തുടങ്ങി. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഇക്കുറി തീര്‍ഥാടനമെന്ന് മാത്രം. വലിയ തിരക്ക് ഒഴിവാക്കുന്നതിനായി പ്രതിദിനം ആയിരത്തില്‍ താഴെ തീര്‍ഥാടകര്‍ക്കു മാത്രമേ ശിവഗിരിയിലേക്കു പ്രവേശിപ്പിക്കൂ.
അന്നദാനവും തീര്‍ഥാടകര്‍ക്കു ശിവഗിരിയില്‍ താമസിക്കാനുള്ള സൗകര്യവും ഉണ്ടാകില്ല. ഡിസംബര്‍ 30, 31, ജനുവരി ഒന്ന് തീയതികളില്‍ വിര്‍ച്വല്‍ തീര്‍ഥാടനമായിട്ടാകും ഇത്തവണത്തെ ശിവഗിരി തീര്‍ഥാടനം നടത്തുകയെന്ന് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ മഠം അധികൃതര്‍ അറിയിച്ചു. മുന്‍കാലങ്ങളില്‍ നടന്നിരുന്ന വലിയ സമ്മേളനങ്ങളും പരിപാടികളും ഇത്തവണ ഉണ്ടാകില്ല. പ്രമുഖരുടെ പ്രസംഗങ്ങളും ക്ലാസുകളും ഡിസംബര്‍ 25 മുതല്‍ ശിവഗിരി ടിവിയിലൂടെ ഓണ്‍ലൈനായി സംപ്രേഷണം ചെയ്യും. ശിവഗിരിയിലും പരിസരത്തും തീര്‍ഥാടകര്‍ കൂട്ടംകൂടുന്നത് ഒഴിവാക്കാന്‍ മേളകളും കച്ചവട സ്റ്റാളുകളും അനുവദിക്കില്ല
ശിവഗിരിയിലേക്കു വരുന്ന തീര്‍ഥാടകര്‍ മുന്‍കാലങ്ങളിലുള്ളതുപോലെ വലിയ സംഘങ്ങളായി എത്തുന്നത് ഇത്തവണ ഒഴിവാക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് വി.ആര്‍. വിനോദ് പറഞ്ഞു. ആയിരം പേരില്‍ താഴെ ആളുകളെ മാത്രമേ ശിവഗിരിയിലേക്കു പ്രവേശിപ്പിക്കൂ. ആളുകള്‍ കൂട്ടംകൂടുന്നത് അനുവദിക്കില്ല. പൊതു പരിപാടികള്‍ നടത്തുകയാണെങ്കില്‍ ഹാളിന്റെ വലിപ്പത്തിന്റെ 50 ശതമാനത്തില്‍ താഴെ ആളുകളെ മാത്രമേ അനുവദിക്കൂ. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് മഠം അധികൃതര്‍ തീര്‍ഥാടകര്‍ക്കു പ്രത്യേക അറിയിപ്പു നല്‍കണം.
തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി പതിവ് സ്‌പെഷ്യല്‍ ബസ്, ട്രെയിന്‍ സര്‍വീസുകള്‍ എന്നിവ ഇത്തവണ ഉണ്ടാകില്ല. തീര്‍ഥാടകരായെത്തുന്ന മുഴുവന്‍ ആളുകള്‍ക്കും കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തണം. ഇതിനായി സാനിറ്റൈസര്‍, ശരീരോഷ്മാവ് പരിശോധിക്കുന്നതിനുള്ള തെര്‍മല്‍ സ്‌കാനറുകള്‍ തുടങ്ങിയവ ഒരുക്കണം.
കൈകള്‍ വൃത്തിയാക്കുന്നതിന് മഠത്തിന്റെയും ശിവഗിരിയുടെ മറ്റു ഭാഗങ്ങളിലും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണം. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ മരുന്നും മറ്റു സജ്ജീകരണങ്ങളും ഒരുക്കുന്നതിന് ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തി.
തീര്‍ഥാടനത്തിനു മുന്നോടിയായി കുളിക്കടവുകള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. വര്‍ക്കല മുനിസിപ്പാലിറ്റിയും ജലവിഭവ വകുപ്പും ഇതിനു പ്രത്യേക തയാറെടുപ്പുകള്‍ നടത്തണം. തീര്‍ഥാടകരുടെ ആവശ്യത്തിനായി താത്കാലിക ശുചിമുറികള്‍ സജ്ജമാക്കുന്നതിനും വര്‍ക്കല മുനിസിപ്പാലിറ്റി അധികൃതര്‍ക്കു നിര്‍ദേശം നല്‍കി. തീര്‍ഥാടനം ആരംഭിക്കുന്നതിനു മുന്‍പ് വഴിവിളക്കുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുന്നതിനും തടസമില്ലാത്ത രീതിയില്‍ വൈദ്യുതി ലഭ്യമാക്കുന്നതിനും കെ.എസ്.ഇ.ബിക്കും നിര്‍ദേശം നല്‍കി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.