പ്രചരണത്തിനു നടക്കുന്നവർ ഓർക്കുക,ദേ ഇതൊക്കെ കുറ്റങ്ങൾ; പിടിക്കപ്പെട്ടാൽ....

 




കുറ്റങ്ങളുടെ പട്ടികയും തയാർ

കോവിഡ് മാനദണ്ഡങ്ങൾ മാത്രമല്ല, സ്ഥാനാർത്ഥികളും, രാഷ്ട്രീയ പ്രവർത്തകരും ഉദ്യോഗസ്ഥരും പൊതുജനങ്ങളും അറിഞ്ഞിരിക്കേണ്ട പ്രധാനമായ തിരഞ്ഞെടുപ്പ് കുറ്റങ്ങളുമുണ്ട്. കുറ്റങ്ങളുടെ പട്ടിക കമീഷൻ പ്രസിദ്ധീകരിച്ചു. പിടിക്കപ്പെട്ടാൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും വരണാധികാരിമാർക്ക് കമീഷൻ നിർദ്ദേശം നൽകി. 


 മതം പ്രചരണ വിഷയമാക്കരുത്–

മതമോ വംശമോ ജാതിയോ സമുദായമോ ഭാഷയോ ആധാരമാക്കി പൗരൻമാർ തമ്മിൽ ശത്രുതാപരമായ വികാരങ്ങളോ വെറുപ്പോ വളർത്തുകയോ വളർത്താൻ ശ്രമിക്കുകയോ ചെയ്താൽ നടപടി. 


 പൊതുയോഗം പാടില്ല– 

വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തിൻ്റെ മുമ്പുള്ള 48 മണിക്കൂറിൽ പൊതുയോഗം വിളിച്ചു കൂട്ടുകയോ നടത്തുകയോ ചെയ്താലും കുറ്റമായി കണക്കാക്കും.


 തടയാനെത്തരുത്–

തിരഞ്ഞെടുപ്പ് യോഗങ്ങളുടെ നടത്തിപ്പ് തടയുന്നതിനായി പ്രവർത്തിക്കുകയോ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്താലും വരണാധികാരിക്ക് നടപടി സ്വീകരിക്കാം.


 സ്വാധീനം പാടില്ല– 

തിരഞ്ഞെടുപ്പിലെ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ വരണാധികാരിയോ സഹ വരണാധികാരിയോ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിക്കു വേണ്ടി പ്രവർത്തിക്കുകയോ വോട്ടു ചെയ്യുന്നതിനെ സ്വാധീനിക്കുകയോ ചെയ്യുന്നതും കുറ്റകരമാണ്.


 പരസ്യമാക്കരുതേ...

തിരഞ്ഞെടുപ്പ് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വോട്ടു ചെയ്യൽ നടപടിക്രമങ്ങൾ പരസ്യമാക്കുന്നതും കുറ്റകരമാണ്.  


 പോളിംഗ് സ്റ്റേഷനിൽ വോട്ടു പിടിക്കരുത്– 

പഞ്ചായത്ത് പോളിംഗ് സ്റ്റേഷൻ്റെ ഇരുന്നൂറു മീറ്റർ പരിധിയിലും മുനിസിപ്പൽ വാർഡ് പോളിംഗ് സ്റ്റേഷൻ്റെ നൂറു മീറ്റർ പരിധിക്കുള്ളിലും വോട്ടു പിടിക്കുകയോ, പ്രചരണം നടത്തുകയോ നോട്ടീസോ ചിഹ്നമോ പ്രദർശിപ്പിക്കുകയും ചെയ്താൽ നടപടിയുണ്ടാകും. 


 പ്രിസൈഡിങ് ഓഫിസറുടെ തീരുമാനം–


* ‌വോട്ടെടുപ്പ് തടസപ്പെടുത്തുന്ന രീതിയിൽ പെരുമാറുക , പ്രിസൈഡിംഗ് ഓഫീസറുടെ നിർദ്ദേശങ്ങൾ അനുസരിക്കാതിരിക്കുക എന്നിവയും കുറ്റമായി കണക്കാക്കും. 


  ഉദ്യോഗസ്ഥർ വാഹനങ്ങൾ നിയമവിരുദ്ധമായി കൂലിക്കെടുക്കുകയോ സ്വന്തമാക്കുകയോ ചെയ്യുന്നതും, ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് ഏജൻ്റായോ പോളിംഗ് ഏജൻറായോ പ്രവർത്തിക്കുന്നതും നിയമവിരുദ്ധമാണ്. 


 വോട്ടെണ്ണൽ സുഗമാമാക്കണം–


പോളിംഗ് സ്റ്റേഷനുകൾ കൈയേറുക, വോട്ടർമാരെ വോട്ടു ചെയ്യാൻ അനുവദിക്കാതിരിക്കുക ,ബൂത്ത് പിടിച്ചെടുക്കുക, വോട്ടെണ്ണൽ തടസപ്പെടുത്തുക എന്നിവ കുറ്റമായും


ഇതിനായി ഉദ്യോഗസ്ഥർ സഹായിച്ചാൽ ഇവർക്കെതിരെയും റിട്ടേണിംഗ് ഓഫീസർമാർ നടപടി സ്വീകരിക്കും. 


 ദൈവികമായ അപ്രീതി–

 നാമനിർദ്ദേശ പത്രിക നശിപ്പിക്കുക, വിരൂപമാക്കുക, വോട്ടിംഗ് യന്ത്രം നശിപ്പിക്കുക, ഏതെങ്കിലും സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യുന്നത് ദൈവീകമായ അപ്രീതിക്ക് കാരണമാകും എന്ന് ഭീഷണിപ്പെടുത്തി ഒരാളുടെ വോട്ടവകാശം ഉപയോഗിക്കുന്നതിൽ ഇടപെടുക, സമ്മതിദായകനെ സ്വാധീനിക്കുകയോ ആൾമാറാട്ടം നടത്തുകയോ ചെയ്യുക, ഒരിക്കൽ വോട്ടു ചെയ്തയാൾ അതേ തിരഞ്ഞെടുപ്പിൽ വീണ്ടും വോട്ടു ചെയ്യുക എന്നിവയും കുറ്റമായി പരിഗണിക്കും.

അഭിപ്രായങ്ങള്‍