സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് ; പി.പി.ഇ. കിറ്റ് അടക്കം 18 ഇനം സാധനങ്ങൾ

 


കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ നൽകുന്നതിനു നിയോഗിക്കപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു നൽകുന്നത് പി.പി.ഇ. കിറ്റ് അടക്കം 18 ഇനം സാധനങ്ങൾ. 

പി.പി.ഇ. കിറ്റ് ധരിച്ചാകും സ്‌പെഷ്യൽ പോളിങ് ഓഫിസർ വോട്ടർക്കു സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് നൽകുന്നത്. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായുള്ള കൈയുറകൾ, മാസ്‌ക്, സാനിറ്റൈസർ എന്നിവയും നിർബന്ധമാണ്.

സ്‌പെഷ്യൽ ബാലറ്റ് പേപ്പർ, വോട്ടറുടെ പ്രഖ്യാപനം രേഖപ്പെടുത്തുന്ന ഫോം 16, വോട്ടർക്കുള്ള നിർദേശങ്ങളടങ്ങിയ ഫോം 17, ബാലറ്റ് പേപ്പർ ഇടുന്നതിനുള്ള ചെറിയ കവർ (ഫോം 18), ഈ കവറും ഫോം 16ഉം ഇടുന്നതിനുള്ള വലിയ കവർ, സ്‌പെഷ്യൽ വോട്ടറുടെ അപേക്ഷയ്ക്കുള്ള ഫോം 19ബി, ഡബിൾ പായ്ക്ക് ചെയ്യാനുള്ള വലിയ കവർ, പേന, പശ, വെള്ള പേപ്പറുകൾ, സ്‌പെഷ്യൽ വോട്ടറുടെ വിരലടയാളം രേഖപ്പെടുത്തുന്നതിനുള്ള ഇങ്ക് പാഡ്, ബാലറ്റ് നൽകിയ വിവരങ്ങൾ രേഖപ്പെടുത്തുന്ന രജിസ്റ്റർ, കൈയുറകൾ, മാസ്‌ക്, സാനിറ്റൈസർ, പിപിഇ കിറ്റ്, ബാലറ്റ് പേപ്പറിന്റെ കൗണ്ടർ ഫോയിൽ സൂക്ഷിക്കുന്നതിനുള്ള കവർ, ഫയൽ ബോർഡ് എന്നിവയാണ് ഒരു സ്‌പെഷ്യൽ പോളിങ് ഓഫിസർക്കു നൽകുന്നത്. 


വോട്ട് രേഖപ്പെടുത്തി കവറുകൾ തിരികെ നിക്ഷേപിക്കുന്നതിനായി ബ്ലോക്ക് ഓഫിസുകളിൽ ഒരു പെട്ടി തയാറാക്കി വയ്ക്കും. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് സമ്മതിദായകൻ സ്‌പെഷ്യൽ പോളിങ് ഓഫിസറുടെ കൈയിൽ നേരിട്ടു നൽകിയാൽ ഈ പെട്ടിയിൽ നിക്ഷേപിക്കും. തപാൽ മുഖേനയും സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് സമ്മതിദായകന് അയക്കാം. ഇത്തലത്തിൽ ലഭിക്കുന്ന ബാലറ്റ് കൈകാര്യം ചെയ്യുമ്പോൾ കൈകൾ കൃത്യമായി സാനിറ്റൈസ് ചെയ്തിരിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ കർശന നിർദേശം നൽകിയിട്ടുണ്ട്. 

അഭിപ്രായങ്ങള്‍